ക്ഷേമ പെൻഷൻ തട്ടിപ്പ്; തുക പലിശ അടക്കം തിരിച്ചുപിടുക്കും, കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബാലഗോപാൽ
Wednesday, November 27, 2024 5:29 PM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടിയുമായി സർക്കാർ. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചുപിടിക്കാനാണ് ധനവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. കർശന അച്ചടക്ക നടപടി സ്വീകരിക്കാനും മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി ഉണ്ടാകും. ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ടവർക്കുള്ളതാണ്.
പൂർണ്ണമായും പട്ടിക പുറത്ത് വിട്ടാൽ ഞെട്ടും. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ജീവനക്കാരാണ് ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ 1,458 സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കോളജ് അസിസ്റ്റൻഡ് പ്രഫസർമാരും ഹയർ സെക്കൻഡറി അധ്യാപകർ ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് കണ്ടെത്തൽ.
രണ്ട് അസിസ്റ്റന്റ് പ്രഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലാണ് ജോലി ചെയ്യുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിൽ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്.
ആരോഗ്യവകുപ്പിലാണ് കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്. 373 പേർ. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നും 224 പേരും ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ട്. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.