എഡിഎമ്മിന്റെ മരണം; സിബിഐ കൂട്ടിലടച്ച തത്ത, കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം
Wednesday, November 27, 2024 4:53 PM IST
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്. കൃത്യമായ നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകും. നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ പോയിട്ടുണ്ട്. ഇനി കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ. അതിൽ പാർട്ടിക്ക് ഇടപെടേണ്ട കാര്യമില്ല.
സിബിഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാനം എന്നു പറയുന്ന വാക്ക് തങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും ഇന്നും അത് അംഗീകരിച്ചിട്ടില്ല. ഇനി നാളെയും അംഗീകരിക്കാൻ പോകുന്നില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്റെ കുടുംബമാണ് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹർജിയിൽ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. വാദം പൂർത്തിയാകുന്നതുവരെ കുറ്റപത്രം നൽകരുതെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു. കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകളാകും. സിപിഎമ്മിന്റെ സജീവ പ്രവർത്തകയാണ് പ്രതി. ഇവർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.
അതേസമയം നവീൻ ബാബുവിന്റേത് കൊലപാതകം എന്നാണോ സംശയിക്കുന്നതെന്ന് ഹർജിക്കാരിയോട് കോടതി ചോദിച്ചു. ആത്മഹത്യയെന്നല്ലേ പുറത്തുവന്നതെന്നും കോടതി നിരീക്ഷിച്ചു. ഹർജിയിൽ ഡിസംബർ ഒൻപതിന് വിശദമായ വാദം കോടതി കേൾക്കും.