അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകും; അഞ്ചുദിവസം ഇടിവെട്ടി മഴപെയ്യും, യെല്ലോ അലർട്ട്
Wednesday, November 27, 2024 3:37 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. രണ്ടുദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്ര ന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
അതേസമയം, കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്രന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
വെള്ളിയാഴ്ച വരെ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച വരെ വടക്ക് - തെക്ക് തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, ആന്ധ്രാപ്രദേശ് തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ തീയതികളിൽ കടലിൽ പോകരുത്.
കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുന്നു. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.