സംബാലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ തടഞ്ഞ് യുപി പോലീസ്
Wednesday, November 27, 2024 3:17 PM IST
ന്യൂഡൽഹി: സംഘർഷം നടന്ന ഉത്തർപ്രദേശിലെ സംബാലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ പോലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പോലീസ് എംപിമാരുടെ സംഘത്തെ തടഞ്ഞത്.
ഗാസിയാബാദിൽവച്ചാണ് എംപിമാരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തടഞ്ഞത്. ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, പി.വി. അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സംബാൽ വിഷയത്തിൽ അടിയന്തര പ്രശ്നപരിഹാരം വേണമെന്നാണ് ലീഗ് എംപിമാരുടെ ആവശ്യം. സംബാലിലേക്ക് പ്രവേശിക്കുന്നതിന് എംപിമാർ അനുമതി തേടിയിരുന്നെങ്കിലും ജില്ലാ കളക്ടർ നിഷേധിച്ചിരുന്നു.
മസ്ജിദിൽ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്നുള്ള അക്രമത്തിൽ സംബാലിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു.