ഫെങ്കൽ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്നാട്
Wednesday, November 27, 2024 11:06 AM IST
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട്ടിലേക്ക് നീങ്ങി ഫെങ്കൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഐഎംഡി മുന്നറിയിപ്പ് നൽകി.
കടലൂർ, മയിലാടുതുറൈ, കാരയ്ക്കൽ എന്നിവിടങ്ങളിൽ ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കാം. മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടണം, ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, കടലൂർ തുടങ്ങിയ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആർഎംസി) അറിയിച്ചു.
ഇതേതുടർന്നു ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ, മയിലാടുതുറൈ തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു.