യുദ്ധഭീതിയൊഴിയുന്നു; ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിൽ
Wednesday, November 27, 2024 9:02 AM IST
ജറൂസലം: ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിലാകും. ചൊവ്വാഴ്ച രാത്രി ചേർന്ന ഇസ്രയേൽ വാർ കാബിനറ്റാണു തീരുമാനമെടുത്തത്.. 60 ദിവസത്തേക്കാണു വെടിനിർത്തൽ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനൽ അൽ ജദീദ് അറിയിച്ചു.
ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ-ലബനൻ വെടിനിർത്തൽ സാധ്യമാകുന്നത്. വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്നും രാജ്യത്തിനു നേർക്കുണ്ടാകുന്ന ഏതു ഭീഷണിയും നേരിടാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ധാരണയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചാൽ ഇസ്രയേൽ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.