അപ്പാർട്ട്മെന്റിലെ കൊലപാതകം; പ്രതി ആഭരണം വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
Tuesday, November 26, 2024 9:40 PM IST
കൊച്ചി: കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347 എ യില്‍ ഗിരീഷ് ബാബു(42) മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്. ഈ തുകയില്‍നിന്ന് കുറച്ച് പണം ഇയാള്‍ ചെലവാക്കിയതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അടിമാലിയിലെ ഒരു സ്വര്‍ണക്കടയിലാണ് ജെയ്സിയുടെ ശരീരത്തില്‍നിന്ന് ഊരിയെടുത്ത രണ്ടു വളകളും ഒരു മോതിരവും വിറ്റത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇവ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ ശരീരത്തില്‍ മാലയും കമ്മലുകളും ഉണ്ടായിരുന്നു. എന്നാല്‍ തലയ്ക്ക് അടിയേറ്റ് രക്തം ഒഴുകിയതോടെ ഭയന്നുപോയ ഗിരീഷ് ബാബു അത് ഊരിയെടുക്കുന്നതിനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഗിരീഷ് ബാബുവിന് അര ലക്ഷത്തിലധികം രൂപ ശമ്പളമുണ്ടായിരുന്നുവെങ്കിലും ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. മദ്യപാനത്തിനു വേണ്ടി മാത്രം ഒരു ദിവസം 800 രൂപയോളം ഇയാള്‍ മുടക്കിയിരുന്നു. ഇയാളുടെ വഴി വിട്ട ജീവിതത്തെ തുടര്‍ന്നാണ് ഭാര്യ വിവാഹ മോചനത്തിനായി കേസ് നല്‍കിയിരിക്കുന്നത്. ഏറെ നാളുകളായി കേസിലെ രണ്ടാം പ്രതിയായ എറണാകുളം തൃപ്പൂണിത്തുറ എരൂര്‍ കല്ലുവിള വീട്ടില്‍ ഖദീജ എന്ന പ്രബിത (42)യ്ക്കൊപ്പമായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.
ഖദീജ അസാന്മാര്ഗിക ജീവിതം നയിച്ചിരുന്നതായാണ് പോലീസ് നല്കുന്ന വിവരം. ലോണ്‍ ആപ്പ്, ക്രെഡിറ്റ് കാര്‍ഡ് വഴി വലിയൊരു തുകയുടെ സാമ്പത്തിക ബാധ്യത ഇയാള്‍ക്കുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജെയ്സിയുടെ പക്കല്‍ നല്ല സാമ്പത്തികം ഉണ്ടാകുമെന്നായിരുന്നു ഇയാളുടെ ധാരണ. ഗിരീഷ് ബാബുവിനെതിരേ ഗാര്‍ഹിക പീഡനത്തിനും മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനും നിലവില്‍ കേസുണ്ട്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്കി
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കളമശേരി പോലീസ് കോടതിയില്‍ അപേക്ഷ നൽകി. ജെയ്സി എബ്രഹാമിന്റെ സ്വര്‍ണാഭരണങ്ങള്‍, ഇത് വിറ്റു കിട്ടിയ പണം, രണ്ടു മൊബൈല്‍ ഫോണുകള്‍, പ്രതി കൃത്യം നടത്തി മടങ്ങാനുപയോഗിച്ച ബൈക്ക് എന്നിവ കണ്ടെടുക്കേണ്ടതായുണ്ട്.
ജെയ്സിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ഉപയോഗിച്ച തലയിണയുടെ കവറും അവരുടെ വസ്ത്രങ്ങളും മദ്യക്കുപ്പിയും ഗ്ലാസുമെല്ലാം പ്രതി പള്ളിക്കരയിലെ ഒഴിഞ്ഞ പറമ്പിലാണ് ഉപേക്ഷിച്ചത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതും കൊലയ്ക്ക് ഉപയോഗിച്ച ഡംബലും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹെല്‍മറ്റ് വച്ചെങ്കിലും കുടവയറില്‍ കുടുങ്ങി
ഖദീജയുടെ വീട്ടില്‍ വച്ച് പദ്ധതി തയാറാക്കി ഏകദേശം രണ്ടു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഗിരീഷ് കൊല നടത്തിയത്. കൊലയ്ക്ക് മുന്നേ പ്രതി രണ്ടു തവണ ട്രയല്‍ നടത്തിയിരുന്നു. ഇതില്‍ ഒടുവിലത്തേത് ഇക്കഴിഞ്ഞ മൂന്നിനായിരുന്നു. പകല്‍ 12.30നും ഒന്നിനുമിടെയിലായിരുന്നു കൊലപാതകം. ഇതിന് ശേഷം 12.50ഓടെയാണ് ഗിരീഷ് പുറത്തേയ്ക്ക് പോയത്.
എന്നാല്‍ ട്രയല്‍ നടത്തിയത് പകലായതിനാല്‍ അപ്പാര്‍ട്മെന്റിന് പുറത്ത് റോഡിലുള്ള മറ്റൊരു സിസിടിവി കാമറ ഇയാളുടെ കണ്ണില്‍ പെട്ടില്ല. കൊലപാതകം നടന്ന ശേഷം അടുത്ത ദിവസം പുലര്‍ച്ചെയാണ് ആ സിസിടിവി കാമറയുടെ ചുവപ്പ് ലൈറ്റ് ഇയാള്‍ കണ്ടത്. തുടര്‍ന്ന് പിടിക്കപ്പെടുമെന്ന് ഭയന്ന് കുറുമശേരിയിലുള്ള ബന്ധു വീട്ടില്‍ അഭയം തേടി. പിന്നീട് ഇടുക്കിയിലെ പെണ് സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു.
ഉപയോഗിച്ച ബൈക്കിന്റെ നമ്പറില്‍നിന്ന് പ്രതിയിലേക്ക് പോലീസ് എത്തിയിരുന്നു. ഹെല്‍മറ്റ് വച്ചിരുന്നുവെങ്കിലും ഇയാളുടെ ശരീര പ്രകൃതി വിനയായി. തടിച്ച ശരീരമുള്ള ഗിരീഷ് ബാബുവിന് കുടവയര്‍ ഉണ്ടായിരുന്നു. ജെയ്സിയുടെ അപ്പാർട്ട്മെന്റിൽ ധാരാളം ആളുകള്‍ വന്നു പോകാറുണ്ടെങ്കിലും ഇയാളുമായി അടുപ്പമുള്ള മറ്റു ചില സ്ത്രീകള്‍ ഇയാളുടെ ശരീരത്തിലെ ചില അടയാളങ്ങള്‍ കൂടി പറഞ്ഞതോടെ പ്രതിയിലേക്കുള്ള ദൂരം കുറഞ്ഞു. അങ്ങനെയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 17 നാണ് പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജയ്സി എബ്രഹാമിനെ (55) അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂനംതൈ അമ്പലം റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലെത്തിയ ഗിരീഷ് ബാബു കൈയില്‍ കരുതിയിരുന്ന മദ്യം ജെയ്സിക്കൊപ്പം കഴിച്ചു. മദ്യലഹരിയിലായിരുന്ന ജെയ്സി കട്ടിലില്‍ കമിഴ്ന്ന് കിടന്ന സമയം പ്രതി ബാഗില്‍ കരുതിയിരുന്ന ഡംബല്‍ എടുത്ത് ജെയ്സിയുടെ തലയ്ക്ക് പലവട്ടം അടിച്ചു.
നിലവിളിക്കാന്‍ ശ്രമിച്ച അവരുടെ മുഖം തലയിണ വച്ച് അമര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശപ്രകാരം ഡിസിപി. കെ.എസ്.സുദര്ശന്, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.വി.ബേബി എന്നിവരുടെ മേല്‍നോട്ടത്തില്‍ കളമശേരി ഇന്‍സ്പെക്ടര്‍ എം.ബി. ലത്തീഫിന്റെ നേതൃത്വത്തില്‍ 15 അംഗ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.