വളപട്ടണം കവർച്ച: പ്രതികളെ തപ്പി പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക്
Tuesday, November 26, 2024 9:27 PM IST
കണ്ണൂർ: വളപട്ടണത്തെ അരി മൊത്തവ്യാപാരിയുടെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണ-വജ്രാഭരണങ്ങളും മോഷണം പോയ സംഭവത്തിൽ പ്രതികളെ തപ്പി പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക്. പ്രതികൾ ട്രെയിനിൽ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിൽ കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പോലീസ് സ്ക്വാഡുകൾ തിരിഞ്ഞ് അന്വേഷണം നടത്തുന്നത്.
കവർച്ച നടന്നത് വൈകി അറിഞ്ഞതും വളപട്ടണം റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഇല്ലാത്തതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെയും മറ്റു ജില്ലകളിലെയും മംഗളൂരു ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെയും സിസിടിവികൾ പോലീസ് പരിശോധിച്ചുവരികയാണ്.
കൂടാതെ 19 മുതൽ 21 വരെ കവർച്ച നടന്ന വീടിന്റെ പരിസരങ്ങളിലെ ഫോൺ കോളുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ പ്രതികളെക്കുറിച്ച് സൂചനകൾ പോലീസിന് ലഭിച്ചിട്ടില്ല. കവർച്ചയ്ക്ക് പിന്നിൽ അന്തർ സംസ്ഥാന കവർച്ചാ സംഘങ്ങളാകാം എന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം കവർച്ചയ്ക്ക് ശേഷം പ്രതികൾ ഏത് വഴിയിലൂടെയാണു രക്ഷപ്പെട്ടതെന്നു കണ്ടെത്താൻ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. മണം പിടിച്ച് പോലീസ് നായ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ ചെന്ന് നിന്നെങ്കിലും ഇവിടെ സിസിടിവി ഇല്ലാത്തത് പോലീസിന് തിരിച്ചടിയായി.
കവർച്ചക്കാർ മറന്നുവച്ച ഉളി വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽനിന്നു നിർണായക തെളിവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.