പരിക്കേറ്റ കുഞ്ഞിനായി സഹായം തേടി അച്ഛൻ; കുറുവ സംഘമെന്നു ഭയന്ന് വാതിൽ തുറന്നില്ല
അപകടത്തിൽ മരിച്ച കുഞ്ഞിന്റെ പിതാവ് രമേശ് (ഇടത്ത്)
Tuesday, November 26, 2024 9:17 PM IST
മുളങ്കുന്നത്തുകാവ്: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകന്റെ ശരീരത്തിൽനിന്ന് പ്രാണൻ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വ എന്ന തന്റെ മകൻ പിടയുന്നതുകണ്ട അച്ഛൻ രമേശ് അലമുറയിട്ട് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ഒരു വാഹനം തേടി അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീടുകളിലേക്കോടി.
കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. കുറുവ സംഘാംഗങ്ങളായ കവർച്ചക്കാർ ഇത്തരത്തിൽ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളമായി സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നതുകൊണ്ട് ആളുകൾ വാതിൽ തുറക്കാൻ ധൈര്യപ്പെട്ടില്ല.
നാട്ടുകാരാരും അപകടം നടന്ന കാര്യമറിഞ്ഞതുമില്ല. ഒരിടത്തും നിന്നും വണ്ടികൾ കിട്ടാതെ വന്നതോടെ രമേശ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നടുവിൽ കയറി കിടന്നു. ഇതോടെയാണ് ചില വാഹനങ്ങൾ നിർത്തിയതും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും.
എന്നാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല. നേരത്തെ വാഹനം കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്ന ആ അച്ഛനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്ന ആർക്കുമായില്ല.
ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. റോഡില്‍ നാടോടി സംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര് തത്ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളുമുണ്ട്.