ഇ.പിയുടെ പുസ്തക വിവാദം: തുടരന്വേഷണം വേണമെന്ന് എൽഡിഎഫ് കൺവീനർ
Tuesday, November 26, 2024 7:56 PM IST
കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട പുസ്തക വിവാദത്തിൽ തുടരന്വേഷണം ആവശ്യമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ തന്നെ ഇ.പി നിലപാട് വ്യക്തമാക്കിയിരുന്നു. താൻ പറയാത്ത പല കാര്യങ്ങളും തന്റെ പുസ്തകത്തിലെ ഉള്ളടക്കം എന്ന നിലയിൽ പ്രചരിപ്പിച്ചുവെന്നാണ് ഇ.പി പറഞ്ഞത്.
പുസ്തകത്തിന്റെ കരാർ ആർക്കും നൽകിയിരുന്നില്ലെന്നും ഇ.പി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ എഡിറ്റർക്കെതിരേ ഡിസി ബുക്സ് സ്വീകരിച്ച നടപടി സ്വാഗതാർഹമാണ്. ഡിസി ബുക്സ് പോലൊരു പ്രസാദകരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ.പിയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി അന്വേഷണം ആവശ്യമില്ല. വിഷയത്തിൽ ഇ.പിയെ പാർട്ടിക്ക് പരിപൂർണ വിശ്വാസമാണെന്നും ടി.പി.രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.