വിജയിച്ചാൽ ഇവിഎം നല്ലത്, തോറ്റാൽ കൃത്രിമം; ബാലറ്റ് ആവശ്യം സുപ്രീംകോടതി തള്ളി
Tuesday, November 26, 2024 7:38 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബാലറ്റിലൂടെ നടത്തണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. വിജയിച്ചാല്‍ ഇവിഎമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്പോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് ഡോ.കെ.എ.പോൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോൺ മസ്കിനെപ്പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ ജസ്റ്റീസുമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.
150 ഓളം രാജ്യങ്ങളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നത് ബാലറ്റ് പേപ്പറിലൂടെയാണെന്നും ഹര്ജിക്കാരന് വാദിച്ചു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ബെഞ്ച് തയാറായില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നതില്‍ എന്തിനാണ് എതിര്‍പ്പെന്നും സുപ്രീംകോടതി ചോദിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം പേപ്പർ ബാലറ്റ് ആവശ്യം കോൺഗ്രസ് വീണ്ടും ശക്തമാക്കുമ്പോഴാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.