പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; സിബിഐ വരണം: നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ
Tuesday, November 26, 2024 3:27 PM IST
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹർജി നല്‍കിയത്.
സിപിഎം നേതാവ് പ്രതിയായ കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമാകുമെന്ന് കരുതാനാകില്ല. ഭരണതലത്തിൽ അടക്കം പ്രതിയായ സിപിഎം നേതാവിന് വലിയ സ്വാധീനമുണ്ട്. അതിനാൽ കേരളത്തിന് പുറത്തുള്ള കേന്ദ്ര ഏജൻസി അന്വേഷിച്ച് നീതി നൽകണമെന്നാണ് കുടുംബം ഹർജിയിൽ ആവശ്യപ്പെടുന്നത്.
സിപിഎം നേതാവ് പ്രതിയായ പോലീസിന്റെ അന്വേഷണം കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് കുടുംബം ഹർജിയിൽ ആശങ്കപ്പെടുന്നു. ഹർജി അടുത്ത ദിവസം തന്നെ ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.
നേരത്തെ, നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിയിരുന്നു. അടുത്തമാസം മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക.
അന്വേഷണം തടസപ്പെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.
പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, ഫോൺ ലൊക്കേഷൻ വിവരങ്ങൾ, കളക്ട്രേറ്റ് റെയില്‍വേ സ്റ്റേഷന് പരിസരം, ക്വാർട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പി.പി. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുംബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു.