ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് സിപിഎം; പാലക്കാട് നഗരസഭയിൽ വാക്കേറ്റവും കൈയാങ്കളിയും
Tuesday, November 26, 2024 2:49 PM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൈയാങ്കളി. ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതാണ് ബിജെപി പ്രതിനിധികളെ ചൊടിപ്പിച്ചത്. ബിജെപിയുടെ ആഭ്യന്തര കാര്യം ചോദിക്കാൻ സിപിഎമ്മിന് എന്ത് അധികാരമെന്ന് ബിജെപി അംഗങ്ങൾ തിരിച്ചുചോദിച്ചു.
നിയമസഭാ ഉപതെരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ യോഗമായിരുന്നു ഇത്. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ബിജെപിയും സിപിഎമ്മും തമ്മില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത്.
നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ അംഗങ്ങളോട് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തർക്കം നടുത്തളത്തിലെ കൈയാങ്കളിയിലേക്ക് നീളുകയായിരുന്നു. അതിനിടയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാ അധ്യക്ഷ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നു.
തുടർന്ന് നഗരസഭാ അധ്യക്ഷയും സിപിഎം അംഗങ്ങളും തമ്മിലും വാക്കുതർക്കമുണ്ടായി. ഇതോടെ ബിജെപി അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി. ഇതിനിടെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം എൻ. ശിവരാജനും കോൺഗ്രസ് അംഗം മൻസൂറും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്നു മൂന്നു പാർട്ടിയിലെയും അംഗങ്ങളും പരസ്പരം ഏറ്റുമുട്ടി.