ആദിവാസി കുടിലുകൾ പൊളിച്ച സംഭവം: സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
Tuesday, November 26, 2024 2:03 PM IST
കൽപ്പറ്റ: വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖല സിസിഎഫ് കെ.എസ്. ദീപയുടേതാണ് ഉത്തരവ്.
ഞായറാഴ്ചയാണ് തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ മൂന്നു കുടുംബങ്ങൾ വർഷങ്ങളായി താമസിച്ച് വന്നിരുന്ന കൂരകൾ വനംവകുപ്പ് പൊളിച്ചുമാറ്റിയത്. ഒരു കുടുംബം മാത്രമാണ് വനഭൂമിയിൽ താമസിച്ചിരുന്നതെന്നും സ്വന്തമായി വേറെ സ്ഥലമുള്ള ഇവർക്ക് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു വനപാലകരുടെ വിശദീകരണം.
ബദൽ സംവിധാനം ഒരുക്കാതെ കുടിൽ പൊളിച്ച് മാറ്റിയ സംഭവത്തിൽ തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇവർക്ക് താമസസൗകര്യം ഒരുക്കുംവരെ വനം വകുപ്പിന്റെ ഡോർമിറ്ററിയിൽ താമസിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.