നവീന്‍ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന് കുടുംബം; ഹർജി വിധിപറയാൻ മാറ്റി
Tuesday, November 26, 2024 1:47 PM IST
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റി. അടുത്തമാസം മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക.
പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, ഫോൺ ലൊക്കേഷൻ വിവരങ്ങൾ, കളക്ട്രേറ്റ് റെയില്‍വേ സ്റ്റേഷന് പരിസരം, ക്വാർട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പി.പി. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുംബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു.
അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.