പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനു തിരിച്ചടി; കെ.എം. ഷാജിക്കെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി
Tuesday, November 26, 2024 1:06 PM IST
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ ഇഡി നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. എന്തുതരം കേസാണ് ഇതെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓഖ, അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ച കോടതി, വാക്കാലുള്ള പരാമര്‍ശങ്ങളല്ല ശക്തമായ തെളിവുകളാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. കേസില്‍ ഇതുവരെ വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റ മൊഴി പോലുമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഓരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകന് നീരജ് കിഷന് കൗളും, സ്റ്റാൻഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. കെ.എം. ഷാജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകന് ഹാരിസ് ബീരാന് എന്നിവർ ഹാജരായി.
2014 ൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ.എം. ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജൂൺ 19നാണ് കെ.എം. ഷാജിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ രാഷ്ട്രീയപ്രേരിതമായ കേസ് അല്ലെന്നും ഷാജിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.