മീന്‍കറിക്ക് പുളിയില്ലെന്നു പറഞ്ഞ് മർദിച്ചു: പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി
Tuesday, November 26, 2024 12:15 PM IST
കോഴിക്കോട്: ഭർത്താവ് മർദിച്ചെന്ന് ആരോപിച്ച് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നൽകി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് യുവതിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദിച്ചെന്നും പരാതിയിലുണ്ട്.
പന്തീരാങ്കാവ് പോലീസിലാണ് യുവതി പരാതി നൽകിയത്. തിങ്കളാഴ്ച പരാതി ഇല്ലെന്ന് എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ രാഹുലിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കാനായി പോലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്.
നിലവിൽ രാഹുൽ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, മദ്യപിച്ചു ബഹളം ഉണ്ടാക്കിയ കേസിലാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭര്‍ത്താവ് രാഹുല്‍ ആംബുന്‍സില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രാഹുല്‍ തന്നെ പന്തീരങ്കാവിലെ വീട്ടില്‍വച്ചും പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുവരുംവഴി ആംബുലന്‍സില്‍വച്ചും മര്‍ദിച്ചെന്നാണ് യുവതി ആദ്യം മൊഴി നല്‍കിയത്. മുഖത്തും തലയ്ക്കും ചുണ്ടിനും ഇടതുകണ്ണിനും മുറിവേറ്റിട്ടുണ്ട്.
രാത്രി പതിനൊന്നോടെ ഫറോക്ക് എസിപി എ.എം. സിദ്ദിഖിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആശുപത്രിയില്‍ എത്തി. തനിക്ക് പരാതിയില്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നുമാണ് യുവതി ആദ്യം പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് പരാതി എഴുതി നൽകുകയായിരുന്നു.
മര്‍ദനമേറ്റ വിവരമറിഞ്ഞ് യുവതിയുടെ മാതാപിതാക്കള്‍ ഇന്നു പലര്‍ച്ചെയോടെ എറണാകുളത്തുനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. രാഹുലും യുവതിയും തമ്മിലുള്ള വിവാഹവും അതിനുശേഷമുള്ള പീഡനമടക്കമുള്ള സംഭവങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.