നാട്ടിക അപകടം: തെറ്റ് ലോറിക്കാരുടെ ഭാഗത്ത്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്
Tuesday, November 26, 2024 11:36 AM IST
തൃശൂര്‍: നാട്ടികയില്‍ ലോറി കയറി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്. നിർഭാഗ്യകരമായ സംഭവമാണെന്നും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലുള്ള ആറുപേരിൽ രണ്ടുപേർക്ക് ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
കമ്മീഷണറും കളക്ടറും റിപ്പോർട്ട് സർക്കാരിന് നൽകി. വണ്ടി ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്. കുറ്റക്കാരെ വെറുതെ വിടില്ല. സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നും പഴുതുകളില്ലാതെ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു സർക്കാർ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. കളക്ടർ ഇതിന് നേതൃത്വം നൽകും. സംസ്കാരത്തിന് ഉൾപ്പെടെ സഹായങ്ങൾ നൽകും. ചികിത്സയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടം മേല്‍നോട്ടം വഹിക്കും. മരണപ്പെട്ടവർക്ക് ധനസഹായം ഉണ്ടാകും. കൂടുതൽ സഹായങ്ങളും പരിഗണിക്കുമെന്നും കെ. രാജൻ പറഞ്ഞു.
അതേസമയം, അപകടസ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പിന്നീട് പരിശോധിക്കും. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.
ഇതിനിടെ, അപകടത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കുവാനും അടിയന്തര നടപടി സ്വീകരിക്കുവാനും ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണര്‍ നാഗരാജുവിന് നിര്‍ദേശം നല്കി.