നേതൃത്വവുമായി ഇടഞ്ഞ് പാലക്കാട്ടെ കൗൺസിലർമാർ; പിന്നാലെ പരസ്യപ്രതികരണം വിലക്കി ബിജെപി
Tuesday, November 26, 2024 9:39 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നേതൃത്വത്തിനെതിരേ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതിന് പിന്നാലെ പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം.
കൗൺസിലർമാർ ഇനി മാധ്യമങ്ങള്‍ക്കു മുന്നിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്.
എൻഡിഎ സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം 18 കൗൺസിലർമാരാണെന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ ആരോപണമുയർത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതൃത്വത്തെ വിമർശിച്ച് നഗരസഭ അധ്യക്ഷ തന്നെ രംഗത്തെത്തിയിരുന്നു. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു.
ഈ സാഹചര്യത്തിൽ ബിജെപി നേതൃത്വവുമായി ഉടക്കി നിൽക്കുന്ന കൗൺസിലർമാരെ സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും വി.കെ.ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.
അതൃപ്തരായ മുഴുവൻ കൗൺസിലർമാർക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.