ഒരു കരാറും ആരെയും ഏൽപ്പിച്ചിട്ടില്ല, പിന്നിൽ ആസൂത്രിത നീക്കം: ഇ.പി. ജയരാജന്
Tuesday, November 26, 2024 9:23 AM IST
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് ഇ.പി. ജയരാജൻ. പുസ്തകത്തിന്റെ പ്രകാശനം ഡിസി ബുക്സിന്റെ ഫേസ്ബുക്കിൽ വന്നത് താനറിയാതെയാണെന്നും പ്രസാധകര് പാലിക്കണ്ട മര്യാദ ഡിസി പാലിച്ചില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.
താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ല. ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. പ്രസിദ്ധീകരിക്കുന്നതിന് ഡിസി ബുക്സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഞാന്‍ പറഞ്ഞു, പൂര്‍ത്തിയായിട്ടില്ല എന്ന്. പൂര്‍ത്തിയാകുമ്പോള്‍ ആലോചിച്ച് ചെയ്യാം എന്നും പറഞ്ഞു. മാതൃഭൂമിക്കാരും സമീപിച്ചിരുന്നു. അവരോടും സമാനമായ രീതിയിലാണ് പ്രതികരിച്ചതെന്നും ജയരാജൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ദിനത്തില്‍ വന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമാണ്. പാര്‍ട്ടിക്കുള്ളിലും പുറത്തും തന്നെ ആക്രമിക്കുകയാണ് ലക്ഷ്യം. ഇതിൽ ഗൂഢാലോചനയുണ്ടെന്നും തനിക്ക് നേരെയുള്ള ആക്രമണം പാര്‍ട്ടിയെ ലക്ഷ്യംവച്ചാണെന്നും ഇ.പി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജാവദേക്കറെ കണ്ട് ഗൂഢാലോചന നടത്തി എന്നായിരുന്നു വാര്‍ത്ത. 2023 ആദ്യമാണ് ജാവദേക്കറെ കണ്ടത്. ജാവദേക്കര്‍ പോകുന്ന വഴി പരിചയപ്പെടാന്‍ ഞാനുള്ള സ്ഥലത്ത് വരികയായിരുന്നു.അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. കണ്ടത് സത്യമാണ്. ഇക്കാര്യത്തില്‍ കള്ളം പറയാന്‍ പറ്റുമോ?ആ തെരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ജയരാജന് കൂട്ടിച്ചേർത്തു.