ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പണം നൽകി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി: യു.ആര്. പ്രദീപ്
Tuesday, November 26, 2024 12:23 AM IST
തൃശൂര്‍: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയിൽ പണം നൽകി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായതായി നിയുക്ത എം.എല്‍.എ. യു.ആര്. പ്രദീപ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ കുറിച്ച് വോട്ടര്‍മാരാണ് സൂചന നൽകിയതെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് തെളിവ് സഹിതം വിശദ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ യുഡിഎഫ്. ശ്രമിച്ചെന്നും യു.ആർ പ്രദീപ് ആരോപിച്ചു.
തിരുവില്വാമല സ്വദേശിയായ സ്ഥാനാര്‍ഥിയായതിനാലാണ് ബിജെപിക്ക് വോട്ട് വര്‍ധനവുണ്ടായതെന്നും യു.ആർ പ്രദീപ് പറഞ്ഞു.അത്തരം വ്യക്തിപരമായ വോട്ടുകള്‍ എല്ലാവര്ക്കും കിട്ടിയിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് കുറവുകള്‍ നികത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസത്തിന് ഊന്നല്‍ നൽകി ചേലക്കരയില്‍ ഉന്നത വിദ്യാഭ്യാസ കോച്ചിംഗിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും യു.ആർ പ്രദീപ് പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്നും കാര്‍ഷിക മേഖല, റോഡ് നിര്‍മാണം തുടങ്ങിയവയ്ക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലേത് പോലെ ഉണ്ടാകുമെന്നും യു.ആര്. പ്രദീപ് കൂട്ടിച്ചേർത്തു.