കുനോയില്‍ പുതിയ അതിഥികളെത്തി; ചീറ്റ നീർവ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
Monday, November 25, 2024 11:33 PM IST
ഭോപാൽ: കുനോ ദേശീയോദ്യാനത്തിലെ ചീറ്റ നീർവ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ കുനോ ദേശീയോദ്യാന പാർക്കിലെ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 16 ആയി.
ഇന്ത്യയില്‍ 1952 ല്‍ വംശമറ്റുപോയ ഒരു ജീവിവര്‍ഗത്തെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് ഊര്‍ജം പകരുന്നതാണ് ചീറ്റ കുഞ്ഞുങ്ങളുടെ പിറവിയെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് എക്സില്‍ കുറിച്ചു. പദ്ധതി വിജയിപ്പിക്കാൻ പരിശ്രമിച്ച വനം വകുപ്പുദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
2022 സെപ്റ്റംബർ 17നാണ് എട്ട് നമീബിയൻ ചീറ്റകളെ കുനോയിലെത്തിച്ചത്. 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഒരു ഡസനോളം ചീറ്റകളെക്കൂടി ദേശീയോദ്യാനത്തിലേക്ക് മാറ്റിയിരുന്നു.
കുനോയില്‍ നിന്ന് വരുന്നത് സന്തോഷകരമായ വാര്‍ത്തയാണെന്ന് മധ്യപ്രദേശ് വനംവകുപ്പും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.