ഇ.പി.ജയരാജന്റെ ആത്മകഥ; റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
Monday, November 25, 2024 10:05 PM IST
തിരുവനന്തപുരം : ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കോട്ടയം എസ്പി ഷാഹുൽ ഹമീദാണ് റിപ്പോർട്ട് കൈമാറിയത്.
അന്വേഷണത്തിന്റെ ഭാഗമായി രവി ഡിസിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ.പി.ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്. ഇ.പി.ജയരാജനുമായി വാക്കാൽ കരാര്‍ ഉണ്ടെന്നും രവി ഡിസി മൊഴി നൽകി.
പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170ല്‍ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി അന്വേഷണ സംഘത്തോടു പറഞ്ഞു. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തെത്തിയത്.
സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ഈ ഭാഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.ബി.ശ്രീകുമാറിനെ സസ്പെന്റ് ചെയ്തിരുന്നു. വിഷയത്തിൽ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.