അദാനി വിഷയത്തിൽ പാർലമെന്റ് സ്തംഭിച്ചു, ഇരുസഭകളും ബുധനാഴ്ച വരെ നിർത്തിവച്ചു
Monday, November 25, 2024 3:41 PM IST
ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞു. അദാനി വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്സഭയും രാജ്യസഭയും ബുധനാഴ്ച വരെ നിർത്തിവച്ചു.
അദാനിക്കെതിരായ അമേരിക്കയുടെ നടപടി, സംഭൽ സംഘർഷം, മണിപ്പൂർ കലാപം, വയനാടിന് കേന്ദ്ര സഹായം അനുവദിക്കാത്ത നടപടി തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ആവശ്യം ഉയർത്തുകയായിരുന്നു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തടഞ്ഞു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു.
ചൊവ്വാഴ്ച ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായ ആഘോഷങ്ങൾ നടക്കുന്നതിനാൽ സഭ സമ്മേളിക്കുന്നില്ല.
അതസേമയം ചൊവ്വാഴ്ച പഴയ പാർലമെന്റിലെ സെന്റർ ഹാളിൽ ചേരുന്ന സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രിയും ഇരുസഭകളിലെയും അധ്യക്ഷൻമാരും സംസാരിക്കുന്നുണ്ട്. എന്നാൽ ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും അവസരം നൽകിയിട്ടില്ല. ഇതോടെ പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകി.