നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു
Monday, November 25, 2024 2:37 PM IST
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ സഹപാഠികളായ മൂന്ന് വിദ്യാർഥിനികളെയും രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
പത്തനാപുരം സ്വദേശിനി അലീന, ചങ്ങനാശേരി സ്വദേശിനി അക്ഷിത, കോട്ടയം സ്വദേശിനി അഞ്ജന എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്. സഹപാഠികളിൽ നിന്ന് നിരന്തര മാനസിക പീഡനം അമ്മു നേരിട്ടിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ചുട്ടിപ്പാറ സീപാസ് നഴ്സിംഗ് കോളജില്‍ നാലാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവിനെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
അമ്മു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും കോളജിലും ഹോസ്റ്റലിലും നടന്നിട്ടുള്ള സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് സജീവനും മാതാവ് രാധാമണിയും പോലീസിനോട് ആവര്‍ത്തിച്ചു. അമ്മു ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്ന് സഹോദരനും പറയുന്നു.