രോഹനും അസ്ഹറും സച്ചിനും മിന്നി; കേരളത്തിനെതിരേ മഹാരാഷ്ട്രയ്ക്ക് ജയിക്കാൻ 188 റൺസ്
Monday, November 25, 2024 2:10 PM IST
ഹൈദരാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരേ കേരളത്തിന് മികച്ച സ്കോര്‍. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. 45 റൺസെടുത്ത രോഹന് കുന്നുമ്മല്‍ ആണ് കേരളത്തിന്റെ ടോപ് സ്കോറർ.
മുഹമ്മദ് അസ്ഹറുദ്ദീന് (40), സച്ചിന് ബേബി (പുറത്താവാതെ 40) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും (19) രോഹന് കുന്നുമ്മലും ചേർന്ന് 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സഞ്ജുവിനെ, അര്ഷിന് കുല്‍ക്കര്‍ണി പുറത്താക്കി. പിന്നാലെ വിഷ്ണു വിനോദും (ഒമ്പത്) സല്മാന് നിസാറും (ഒന്ന്) മടങ്ങിയതോടെ കേരളം മൂന്നിന് 55 എന്ന നിലയിൽ തകർന്നു.
പിന്നാലെ ക്രീസിൽ ഒന്നിച്ച രോഹന് - അസ്ഹറുദ്ദീന് സഖ്യം 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 88 റൺസിൽ നില്‍ക്കെ രോഹനെ പുറത്താക്കി അർഷിൻ കുൽക്കർണി മഹാരാഷ്ട്രയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 24 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
രോഹന് മടങ്ങിയതിനു പിന്നാലെ സച്ചിൻ ബേബിക്കൊപ്പം ചേർന്ന് അസ്ഹറുദ്ദീന് നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 48 റണ്‍സാണ് ചേര്‍ത്തത്. സ്കോർ 136 റൺസിൽ നില്‍ക്കെ, അസ്ഹറുദ്ദീൻ പുറത്തായി. 29 പന്തിൽ രണ്ടു സിക്സറും മൂന്നു ഫോറുമുൾപ്പെടുന്നതാണ് അസ്ഹറുദ്ദീന്റെ ഇന്നിംഗ്സ്.
തുടർന്ന് ക്രീസിലെത്തിയ അബ്ദുള്‍ ബാസിത് (14 പന്തില്‍ 24) അതിവേഗം സ്കോര്‍ 150 കടത്തി. അവസാന ഓവറിൽ ബാസിതും പിന്നാലെ വിനോദ് കുമാറും (പൂജ്യം) പുറത്തായി. അഖില്‍ സ്കറിയ (നാല്) സച്ചിന് ബേബിക്കൊപ്പം പുറത്താവാതെ നിന്നു.