ഓസീസിനെ എറിഞ്ഞിട്ടു; പെർത്തിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം
Monday, November 25, 2024 1:32 PM IST
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ യാത്ര 238 റൺസിൽ അവസാനിച്ചു. 89 റൺസെടുത്ത ട്രാവിസ് ഹെഡ് ആണ് ആതിഥേയ നിരയിലെ ടോപ് സ്കോറർ.
ഹെഡിനു പുറമേ, മിച്ചൽ മാർഷ് (47), അലക്സ് കാരി (36), സ്റ്റീവ് സ്മിത്ത് (17), മിച്ചൽ സ്റ്റാർക് (12) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളു.
ഇന്ത്യയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നിർണായകമായ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറുമാണ് വിജയമൊരുക്കിയത്. ബുംറ ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി.
മൂന്നിന് 12 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ഉസ്മാൻ ഖവാജയുടെ (നാല്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിനു പിടികൊടുത്തു മടങ്ങുകയായിരുന്നു. ഇതോടെ നാലിന് 17 റൺസെന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ അഞ്ചാംവിക്കറ്റിൽ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് അമ്പതു കടത്തി. ഇരുവരും ചേർന്ന് 62 റൺസാണ് കൂട്ടിച്ചേർത്തത്.
എന്നാൽ സ്കോർ 79 റൺസിൽ നില്‍ക്കെ 60 പന്തിൽ 17 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും പ്രഹരമേല്പിച്ചു. പിന്നാലെ മിച്ചൽ മാർഷിനെ ഒരറ്റത്തു നിർത്തി ഹെഡ് ഓസീസിനെ നൂറുകടത്തുകയായിരുന്നു. ഇരുവരും ചേർന്ന് 81 റണ്‍സിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാല്‍, സ്കോർ 161 റൺസിൽ നില്‍ക്കെ സെഞ്ചുറിക്കരികിലായിരുന്ന ഹെഡിനെ പുറത്താക്കി ക്യാപ്റ്റന്‍ ബുംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്കി. 101 പന്തുകൾ നേരിട്ട ഹെഡ് എട്ട് ബൗണ്ടറികള്‍ നേടിയിരുന്നു. പിന്നാലെ, മാര്‍ഷിനെ നിതീഷ് കുമാര്‍ റെഡ്ഡി ബൗള്‍ഡാക്കിയതോടെ ഓസീസ് ഏഴിന് 182 റൺസെന്ന നിലയിലായി.
പിന്നീട് പരാജയം പരമാവധി നീട്ടിക്കൊണ്ടുപോകുന്ന ചുമതലയേ വാലറ്റത്തിനുണ്ടായിരുന്നുള്ളൂ. എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന അലക്സ് കാരി - മിച്ചൽ സ്റ്റാർക്ക് സഖ്യം 45 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 227 റൺസിൽ നില്‍ക്കെ സ്റ്റാർക്കിനെയും (12) തൊട്ടു പിന്നാലെ നഥാൻ ലയണിനെയും (പൂജ്യം) പുറത്താക്കി വാഷിംഗ്ടൺ സുന്ദർ ഓസ്ട്രേലിയയ്ക്ക് ഇരട്ടപ്രഹരമേല്പിച്ചു.
അവസാന വിക്കറ്റിൽ ജോഷ് ഹേസിൽവുഡിനെ കൂട്ടുപിടിച്ച് അലക്സ് കാരി (36) തട്ടിനില്‍ക്കാൻ ശ്രമിച്ചെങ്കിലും ഹർഷിത് റാണയുടെ രൂപത്തിൽ വിജയം ഇന്ത്യയെ തേടിയെത്തി.
പന്ത്രണ്ട് ഓവറിൽ 42 റൺസ് വഴങ്ങിയാണ് ബുംറ മൂന്നുവിക്കറ്റ് വീഴ്ത്തിയത്. അതേസമയം, മുഹമ്മദ് സിറാജ് 51 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ രണ്ടും ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും വീതം വീഴ്ത്തി.