ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിന് സ്റ്റേയില്ല; കോൺഗ്രസിന്റെ ഹര്‍ജി പരിഗണിക്കാന്‍ മാറ്റി
Monday, November 25, 2024 12:22 PM IST
കൊച്ചി: കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പോലീസ് സംരക്ഷണം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ മാസം 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകള്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പോലീസ് സംരക്ഷണം നല്‍കാതെ കാഴ്ചക്കാരായെന്നും സഹകരണവകുപ്പ് ജീവനക്കാര്‍ അട്ടിമറിക്ക് കൂട്ടുനിന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചു. എന്നാൽ, ബാങ്ക് നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി മാറ്റിവയ്ക്കുകയായിരുന്നു.