അധികാരക്കൊതിയന്മാരെ ജനം തള്ളി; അവർ സഭ മലീമസമാക്കാൻ ശ്രമിക്കുന്നു: പ്രതിപക്ഷത്തിനെതിരേ മോദി
Monday, November 25, 2024 11:38 AM IST
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനു മുമ്പ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശബ്ദം പാർലമെന്റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയൊട്ട് ഉയർത്തുകയുമില്ലെന്നും മോദി കുറ്റപ്പെടുത്തി. അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി. ജനങ്ങൾക്ക് മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
പാർലമെന്റിലെ തുറന്ന സംവാദങ്ങളെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിരന്തരം തടസപ്പെടുത്തുന്നു. ജനം തള്ളിയ ഇക്കൂട്ടർ സഭയെ കൂടി മലീമസപ്പെടുത്തുന്നു. അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നു. ചിലയാളുകൾ സ്വാർഥ രാഷ്ട്രീയ താത്പര്യത്തിനായി സഭയെ പോലും വേദിയാക്കുന്നുവെന്നും മോദി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാര്‍ലമെന്റ് തടസപ്പെടുന്നത് കാരണം ഏറ്റവും അധികം പ്രയാസം നേരിടുന്നത് യുവ എംപിമാരാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്നും സഭ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഈ സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ ചർച്ചക്ക് വരും. കാര്യക്ഷമമായ ഒരു സമ്മേളന കാലം പ്രതീക്ഷിക്കുന്നു. പല കാര്യങ്ങളിലും ഈ പാർലമെന്റ് സമ്മേളനം പ്രത്യേകതയുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ തുടക്കമാണ്. നാളെ, പാർലമെന്റിൽ, നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം എല്ലാവരും ആഘോഷിക്കും. ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ സമ്മേളനം നിർത്തിവച്ചു. സമ്മേളനം ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും മണിപ്പുർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടുമായിരുന്നു ബഹളം. ഇതേ തുടർന്ന് 12 മണിവരെ സഭ നിർത്തിവയ്ക്കുന്നതായി ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.