തലയുയർത്തി ഹെഡ്; പെര്‍ത്തിൽ ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ അഞ്ചുവിക്കറ്റ് ദൂരം
Monday, November 25, 2024 10:35 AM IST
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിലേക്ക് അഞ്ചുവിക്കറ്റ് മാത്രം ദൂരം. ഒരുവശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും അർധസെഞ്ചുറിയുമായി പൊരുതിനില്‍ക്കുന്ന ട്രാവിസ് ഹെഡ് ആണ് ഇന്ത്യയ്ക്കു മുന്നിലുള്ള വെല്ലുവിളി.
നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലാണ് ആതിഥേയർ. 63 റൺസുമായി ഹെഡും അഞ്ചുറൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ. അഞ്ചുവിക്കറ്റ് കൈയിലിരിക്കെ ഓസീസിന് ജയിക്കാൻ ഇനിയും 430 റൺസ് കൂടി വേണം.
മൂന്നിന് 12 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ഉസ്മാൻ ഖവാജയുടെ (നാല്) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിനു പിടികൊടുത്തു മടങ്ങുകയായിരുന്നു. ഇതോടെ നാലിന് 17 റൺസെന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ അഞ്ചാംവിക്കറ്റിൽ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് അമ്പതു കടത്തി. ഇരുവരും ചേർന്ന് 62 റൺസാണ് കൂട്ടിച്ചേർത്തത്.
എന്നാൽ സ്കോർ 79 റൺസിൽ നില്‍ക്കെ 60 പന്തിൽ 17 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും പ്രഹരമേല്പിച്ചു. പിന്നാലെ മിച്ചൽ മാർഷിനെ ഒരറ്റത്തു നിർത്തി ഹെഡ് ഓസീസിനെ നൂറുകടത്തുകയായിരുന്നു.
ഓപ്പണർ നഥാൻ മക്സ്വീനി (പൂജ്യം), നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റൻ പാറ്റ് കമിൻസ് (രണ്ട്), മാർനസ് ലബുഷെയ്ൻ (മൂന്ന്) എന്നിവരാണ് ഓസീസ് ഇന്നിംഗ്സിൽ പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും വീഴ്ത്തി.