പാലക്കാട്ടെ കനത്ത തോൽവി: രാജിസന്നദ്ധത അറിയിച്ച് സുരേന്ദ്രൻ, ശോഭയ്ക്കെതിരേയും ആരോപണം
Monday, November 25, 2024 9:33 AM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ രാജിസന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന് വ്യക്തമാക്കി. എന്നാൽ, രാജിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടു.
ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്നും ദേശീയ നേതൃത്വത്തോട് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. അതേസമയം ഇന്ന് ഉച്ചയ്ക്ക് 12ന് സുരേന്ദ്രന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ശോഭ സുരേന്ദ്രന് പക്ഷം വോട്ട് മറിച്ചെന്ന് സുരേന്ദ്രന് പക്ഷം ആരോപിച്ചിരുന്നു. ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18 നഗരസഭാ കൗൺസിലർമാരും ചേർന്ന് ജയസാധ്യത അട്ടിമറിച്ചെന്നും കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.
എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോൽവിക്ക് പിന്നാലെ ബിജെപിയിൽ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കൾ ആവശ്യപ്പെടുന്നത്.