ഷിൻഡെയോ ഫഡ്നാവിസോ? മഹാരാഷ്ട്ര സർക്കാർ ഇന്ന് അധികാരമേൽക്കും
Monday, November 25, 2024 8:41 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്.
ബിജെപിയുടെ തുറുപ്പുചീട്ടായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് , ശിവസേന ഷിൻഡെ വിഭാഗം നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ എന്നിവരാണു സർക്കാരിനെ നയിക്കാൻ സാധ്യത. സഖ്യകക്ഷികളുമായി ആലോചിച്ചശേഷം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് ഇരുനേതാക്കളും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഒരുതരത്തിലുള്ള തര്‍ക്കവുമില്ലെന്ന് ഫഡ്നാവിസ് ആവർത്തിച്ചു.
288 അംഗ സഭയില്‍ 235 സീറ്റുകള്‍ നേടിയാണ് മഹായുതി സഖ്യം അധികാരത്തിലെത്തിയത്. 132 സീറ്റുകളുമായി ബിജെപി വലിയ ഒറ്റക്കക്ഷിയുമായി. കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകള്‍ നേടിയതിനാല്‍ ബിജെപിക്ക് സഖ്യകക്ഷികളെ കാര്യമായി ആശ്രയിക്കേണ്ടതില്ല. ഈ സാഹചര്യത്തിൽ ഫഡ്നാവിസ് തന്നെ സർക്കാരിനെ നയിച്ചേക്കും.