ബൈക്ക് യാത്രക്കാരൻ കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവം: ആറ് പേർ കസ്റ്റഡിയിൽ
Sunday, November 24, 2024 8:44 PM IST
പത്തനംതിട്ട: തിരുവല്ലയിൽ ബൈക്ക് യാത്രക്കാരൻ കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ ആറ് പേർ കസ്റ്റഡിയിൽ. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചത്. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്.
കസ്റ്റഡയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ പറഞ്ഞു.
തിരുവല്ല മുത്തൂരിൽ വച്ചായിരുന്നു അപകടം. മുത്തൂർ സർക്കാർ സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.
ബൈക്ക് മറിഞ്ഞയുടൻ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.