ജാർഖണ്ഡിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി ഇന്ത്യാ സഖ്യം; ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയായേക്കും
Sunday, November 24, 2024 7:00 AM IST
റാഞ്ചി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ ഇന്ത്യാ മുന്നണിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ജെഎംഎം നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയായി തുടരും എന്നാണ് സൂചന.
മന്ത്രിസഭാ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ഇന്ത്യാ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം. സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കും.
ജാർഖണ്ഡിൽ ജെഎംഎം നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം മിന്നും വിജയത്തോടെയാണ് ഭരണം നിലനിർത്തിയത്. 81 അംഗ നിയമസഭയിൽ സഖ്യത്തിന് 56 സീറ്റ് ലഭിച്ചു. ബിജെപി സഖ്യത്തിന് 24 സീറ്റാണു കിട്ടിയത്.
34 സീറ്റോടെ ജെഎംഎം നിയമസഭയിലെ വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് 16 സീറ്റാണു കിട്ടിയത്. നാലു സീറ്റ് നേടി ആർജെഡി ഏവരെയും അദ്ഭുതപ്പെടുത്തി. ബിജെപിക്ക് 21 സീറ്റാണു കിട്ടിയത്.