മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ എൻഡിഎ; മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും
Sunday, November 24, 2024 6:42 AM IST
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് എൻഡിഎ. ഇക്കുറി മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
അങ്ങനെയെങ്കിൽ നിലവിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും മുഖ്യമന്ത്രി. സഖ്യ കക്ഷികൾക്ക് നൽകേണ്ട മന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനവും ഇന്ന് ഉണ്ടായേക്കും.
മഹാരാഷ്ട്രയിൽ അഞ്ചിൽ നാലു ഭൂരിപക്ഷം നേടിയാണ് മഹായുതി അധികാരം നിലനിർത്തിയത്. പ്രതിപക്ഷം അന്പേ തകർന്നടിഞ്ഞു.
288 അംഗ നിയമസഭയിൽ 236 സീറ്റാണ് മഹായുതി നേടിയത്. ഇതിൽ 133 സീറ്റും ബിജെപിയുടേതാണ്. സഖ്യകക്ഷികളായ ശിവസേന (ഷിൻഡെ) 57ഉം എൻസിപി (അജിത് പവാർ) 41 ഉം സീറ്റും നേടി. ഏതാനും ചെറുകക്ഷികളും മഹായുതി സഖ്യത്തെ പിന്തുണയ്ക്കുന്നു.
പ്രതിപക്ഷമായ മഹാ വികാസ് അഘാഡി വെറും 48 സീറ്റിലേക്ക് ചുരുങ്ങി. മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടാൻ പ്രതിപക്ഷത്തെ ഒരു പാർട്ടിക്കും സാധിക്കില്ല. 20 സീറ്റ് കിട്ടിയ ശിവസേന (ഉദ്ധവ് ) പക്ഷമാണ് പ്രതിപക്ഷനിരയിലെ വലിയ കക്ഷി. കോൺഗ്രസിന് 16ഉം എൻസിപി ശരദ് പവാർ പക്ഷത്തിന് പത്തും സീറ്റാണു കിട്ടിയത്.