നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം ഇന്ന്
Sunday, November 24, 2024 6:21 AM IST
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
വത്തിക്കാന്‍ സെക്രട്ടറിയേറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. എഡ്ഗാര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവാ അനുഗ്രഹ സന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
5.15ന് ചേരുന്ന അനുമോദന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. അപ്പസ്തോലിക് ന്യുണ്ഡഷ്യോ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോര്‍ റവ. ഡോ. തോമസ് കല്ലുകളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മാര്‍ ജോര്‍ജ് കൂവക്കാട്ട് നന്ദി അര്‍പ്പിക്കും.
മാര്‍ ജോര്‍ജ് കൂവക്കാട്ടിനൊപ്പം കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ലിത്വാനിയ സ്വദേശിയും വത്തിക്കാനിലെ സെന്റ് മേരീസ് ബസലിക്കയുടെ ആര്‍ച്ച് ബിഷപുമായ മാര്‍ റെളാന്താസ് മക്രിസ്ക്വാസ ചടങ്ങില്‍ പങ്കെടുക്കും.
മാര്‍ ജോര്‍ജ് കൂവക്കാട്ടുള്പ്പെടെ പുതിയതായി നിയമിക്കപ്പെട്ട 21 കര്‍ദിനാള്‍മാരെയും പദവിയിലേക്കുയര്‍ത്തുന്ന ചടങ്ങ് ഡിസംബര്‍ ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും. മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ എട്ടിന് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കൊപ്പം പുതിയ കര്‍ദിനാള്‍മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍ 25നു സ്വീകരണം നല്‍കും.