മരിച്ചെന്നു കരുതിയ യുവാവ് സംസ്കാരത്തിനു മുന്പ് ബോധം വീണ്ടെടുത്തു; ഡോക്ടർമാർക്ക് സസ്പെൻഷൻ
Saturday, November 23, 2024 3:54 AM IST
ജയ്പുർ: മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ യുവാവ് സംസ്കാരച്ചടങ്ങിനു തൊട്ടുമുൻപ് ബോധം വീണ്ടെടുത്തു. രാജസ്ഥാനിലെ ഝൂൻഝൂനു ജില്ലയാണു സംഭവം. ബധിരനും മൂകനുമായ റോഹിതാഷ് കുമാർ (25) എന്ന യുവാവ് ആണ് സംസ്കാര ചടങ്ങിനിടെ ബോധം വീണ്ടെടുത്തത്.
ഝൂൻഝൂനുവിലുള്ള ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയായിരുന്നു ഇയാൾ. പിന്നീട് ഇയാളെ ജയ്പുരിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയും മാർഗമധ്യേ മരണം സംഭവിക്കുകയായിരുന്നുവെന്നുമാണു ജില്ലാ അശുപത്രി അധികൃതർ പറയുന്നത്.
എന്നാൽ, ശരീരം ചിതയിൽ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടിയ യുവാവിനെ ഉടനടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സംഭവത്തെത്തുടർന്ന് മൂന്നു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.