മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ സഖ്യം വൻ വിജയം നേടും: പുഷ്കർ സിംഗ് ധാമി
Saturday, November 23, 2024 1:21 AM IST
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ സഖ്യം വൻ വിജയം നേടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മഹായുതി സഖ്യം തന്നെയായിരിക്കും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
"മഹാരാഷ്ട്രയുടെ പുരോഗതിക്കും ക്ഷേമത്തിനും ഡബിൾ എൻജിൻ സർക്കാർ ആവശ്യമാണ്. സംസ്ഥാനത്തെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മഹായുതി സഖ്യം അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ' - പുഷ്കർ സിംഗ് ധാമി പറഞ്ഞു.
ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാരിന് എതിരായാണ് ജനം വിധിയെഴുതിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എൻഡിഎ മികച്ച ഭൂരിപക്ഷം നേടുമെന്നും ധാമി അവകാശപ്പെട്ടു.
മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായിട്ടായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയായിരുന്നു പോളിംഗ്. രണ്ട് ഘട്ടങ്ങളിലായി നടന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നവംബർ 13നും രണ്ടാം ഘട്ടം ബുധനാഴ്ചയും ആണ് നടന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.