മുനമ്പം; പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ശനിയാഴ്ച ചര്‍ച്ച നടത്തും
Friday, November 22, 2024 9:38 PM IST
കൊച്ചി: മുനമ്പം പ്രശ്നപരിഹാരത്തിനായി നിർണായക നീക്കവുമായി സർക്കാർ. പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് ചേരുന്ന ഓൺലൈൻ യോഗത്തിൽ എറണാകുളം ജില്ലാ കളക്ടർ അടക്കമുള്ളവർ പങ്കെടുക്കും.
ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നൽകുന്നതിനൊപ്പം സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്കാണ് നിയമിച്ചതെന്നും സമരക്കാരെ അറിയിക്കും.
മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലുണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളിൽ പരിശോധന തീർക്കും.
ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യൂ അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോർഡ് ഒഴിയാൻ ആർക്കും ഇനി നോട്ടീസ് നൽകില്ല. ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാൻ സർക്കാരും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.