മുനമ്പം; സംഘപരിവാർ ശക്തികൾക്ക് സർക്കാർ അവസരം ഒരുക്കുന്നു: വി.ഡി.സതീശൻ
Friday, November 22, 2024 8:17 PM IST
തിരുവനന്തപുരം: മുനമ്പം ഭൂമിപ്രശ്നം വഷളാക്കി സംഘപരിവാർ ശക്തികൾക്ക് സർക്കാർ അവസരം ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ല.
പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ്.
ഇപ്പോൾ ഏകപക്ഷീയമായ ഒരു തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. ആരുമായും ആലോചിക്കാതെ ജുഡീഷ്യൽ കമ്മീഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദേശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമായി.
സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല. പ്രശ്നപരിഹാരം നീട്ടിക്കൊണ്ട് പോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും സതീശൻ പറഞ്ഞു.