മഹാരാഷ്ട്രയിൽ കളി തുടങ്ങി; അണിയറയിൽ ചർച്ചകൾ സജീവം
Friday, November 22, 2024 7:52 PM IST
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം വാക്കി നിൽക്കെ ചടുലനീക്കങ്ങളുമായി മുന്നണികൾ. ഇന്ത്യാ മുന്നണി എൻസിപി അജിത് പവാർ വിഭാഗവുമായി ചർച്ച നടത്തിയെന്ന സൂചനകൾ പുറത്തുവന്നു.
ഫലം വന്നതിന് ശേഷം ആവശ്യമെങ്കിൽ അജിത് പവാറുമായി ചർച്ച നടത്തുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫലം അറിഞ്ഞശേഷം കോൺഗ്രസ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം. കുതിരക്കച്ചവടം ഒഴിവാക്കാൻ വിജയിക്കുന്ന എംഎൽഎമാരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്.
കോൺഗ്രസ് ദേശീയ നേതൃത്വം നിരീക്ഷകരായി മുതിർന്ന നേതാക്കളെ മുംബൈയിലേക്ക് അയച്ചു കഴിഞ്ഞു. തൂക്കുസഭയെന്ന സംശയമുള്ളതു കൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായും ചര്‍ച്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ ട്വീറ്റ് ചെയ്തു.
അതേസമയം എന്‍സിപി നേതാവ് അജിത് പവാറിനെ ഭാവി മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശരദ് പവാറിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്. നിലവില്‍ എൻഡിഎയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാണ് അജിത് പവാര്‍.
അതേസമയം അജിത് പവാര്‍ പക്ഷത്തിന്റെ അവകാശവാദത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന തള്ളിക്കളഞ്ഞു. വോട്ടര്‍മാര്‍ ഷിന്‍ഡെ സര്‍ക്കാരിനാണ് വോട്ടു ചെയ്തത്. അതുകൊണ്ടു തന്നെ ഷിന്‍ഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ശിവസേന ഷിന്‍ഡെ പക്ഷ വക്താവ് സഞ്ജയ് ഷിര്‍സാത് പറഞ്ഞു.