രാഹുല്‍ പറഞ്ഞത് ശരിയാണ്, അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലാലു പ്രസാദ് യാദവ്
Friday, November 22, 2024 4:44 PM IST
പാറ്റ്ന: രാഹുൽ ഗാന്ധി പറഞ്ഞത് ശരിയായ കാര്യമാണെന്നും ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്നും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. അദാനി ഗ്രൂപ്പ് അമേരിക്കൻ, ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
ഗൗതം അദാനിയുടെ അഴിമതിയിൽ നരേന്ദ്ര മോദിക്കു പങ്കുണ്ടെന്നും അമേരിക്കയിലെ കൈക്കൂലിക്കേസിൽ കുറ്റാരോപിതനായ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
അദാനി എന്തു തെറ്റ് ചെയ്താലും അദ്ദേഹത്തെ ഒന്നും ചെയ്യില്ല. കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് പൂർണ സംരക്ഷണം നൽകുന്നത്. ഇന്ത്യൻ നിയമങ്ങളും അമേരിക്കൻ നിയമങ്ങളും അദാനി ലംഘിച്ചുവെന്നത് ഇപ്പോൾ വളരെ വ്യക്തമാണ്.
എങ്കിലും എന്തുകൊണ്ടാണ് അദാനി ഈ രാജ്യത്തു സ്വതന്ത്രനായി നടക്കുന്നത്? കാരണം മറ്റൊന്നുമല്ല; പ്രധാനമന്ത്രിയുടെ സംരക്ഷണനിഴലിൽ നടക്കുന്ന അദാനിയെ അറസ്റ്റ് ചെയ്താൽ മോദിയും അകത്തുപോകുമെന്നും രാഹുൽ പറഞ്ഞിരുന്നു.