പെർത്തിൽ കൊടുങ്കാറ്റായി ബുംറ; തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയ ഏഴിന് 67
Friday, November 22, 2024 2:48 PM IST
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ബാറ്റിംഗ് തകർച്ചയ്ക്കു പിന്നാലെ അതേനാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാമിന്നിംഗ്സിൽ ഇന്ത്യയുടെ 150 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം കളിനിർത്തുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്.
19 റൺസുമായി അലക്സ് കാരിയും ആറു റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. ഓപ്പണര്‍മാരായ നഥാന്‍ മക്സ്വീനി (10), ഉസ്മാന് ഖവാജ (എട്ട്), സ്റ്റീവ് സ്മിത്ത് (പൂജ്യം), ട്രാവിസ് ഹെഡ് (11), മിച്ചൽ മാർഷ് (ആറ്), മാർനസ് ലബുഷെയ്ൻ (രണ്ട്), പാറ്റ് കമ്മിൻസ് (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.
വെറും 17 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കി ലീഡ് ലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് 14 റൺസെടുക്കുന്നതിനിടെ ആദ്യവിക്കറ്റ് നഷ്ടമായി. അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നാലെ തന്റെ നാലാം ഓവറില്‍ ഉസ്മാന് ഖവാജയെ (എട്ട്) ബുംറ സ്ലിപ്പില്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ സ്റ്റീവ് സ്മിത്തിനെ ഗോൾഡൻ ഡെക്കാക്കിയ ബുംറ ഓസ്ട്രേലിയയെ ഞെട്ടിച്ചു.
പിന്നാലെയെത്തിയ ട്രാവിസ് ഹെഡ് നിതീഷ് റാണയ്ക്കെതിരേ രണ്ട് ബൗണ്ടറിയോടെയാണ് തുടങ്ങിയത്. എന്നാൽ തന്റെ അടുത്ത ഓവറില്‍ ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയ റാണ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. പിന്നാലെ മിച്ചൽ മാർഷിനെ മുഹമ്മദ് സിറാജ് രാഹുലിന്റെ കൈകളിലെത്തിച്ചതോടെ ഓസ്ട്രേലിയ അഞ്ചിന് 38 റൺസെന്ന നിലയിലായി.
ഈസമയം ഒരറ്റത്ത് അലക്സ് കാരി പിടിച്ചുനിന്നു. സ്കോർ 47 റൺസിൽ നില്‍ക്കെ മാർനസ് ലബുഷെയ്നെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെ, ആദ്യദിനം അവസാനിക്കുന്നതിനു തൊട്ടുമുമ്പായി ക്യാപ്റ്റൻ കമ്മിൻസിനെ വിക്കറ്റിനു പിന്നിൽ പന്തിന്റെ കൈകളിലെത്തിച്ച് ബുംറ വീണ്ടും ഓസീസിന് പ്രഹരമേല്പിച്ചു. ഇതോടെ ഏഴിന് 59 റൺസെന്ന ദയനീയ അവസ്ഥയിലായി ആതിഥേയർ.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും 37 റൺസെടുത്ത ഋഷഭ് പന്തുമാണ് 150 റൺസിലെത്തിച്ചത്.
ഇരുവരെയും കൂടാതെ 26 റൺസെടുത്ത കെ.എൽ. രാഹുൽ, 11 റൺസെടുത്ത ധ്രുവ് ജുറെൽ എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. യശസ്വി ജയ്സ്വാൾ (പൂജ്യം), ദേവ്ദത്ത് പടിക്കൽ (പൂജ്യം), വിരാട് കോഹ്ലി (അഞ്ച്), വാഷിംഗ്ടൺ സുന്ദർ (നാല്), ഹർഷിത് റാണ (ഏഴ്), ജസ്പ്രീത് ബുംറ (എട്ട്) എന്നിവർ നിരാശപ്പെടുത്തി.
29 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.