രാജിവേണ്ട, സജി ചെറിയാനെ ചേർത്ത് പിടിച്ച് സിപിഎം
Friday, November 22, 2024 12:37 PM IST
തിരുവനന്തപുരം: ഭരണഘടനാ വിവാദ പ്രസംഗത്തിൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം. ഒരിക്കൽ രാജിവച്ച സാഹചര്യത്തിൽ ഇനി രാജിവേണ്ടെന്ന നിലപാടിലാണ് സിപിഎം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽക്കാൻ മന്ത്രി സജി ചെറിയാൻ നീക്കം തുടങ്ങിയതായാണ് വിവരം.
സജി ചെറിയാൻ ധാർമികത മുൻനിർത്തി ഒരിക്കൽ മന്ത്രിസ്ഥാനം രാജിവച്ചതാണെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുകളും തുടർനടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. സജിയുടെ ഭാഗം കേൾക്കേണ്ടതാണെന്ന വാദം ശരിയാണെന്നും രാജീവ് പറഞ്ഞു.
ഈ കേസിൽ പുനരന്വേഷണം വേണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് പറഞ്ഞു. കേസിൽ തുടരന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടത്.
മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് തുടരന്വേഷണമാകാം. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കോടതി പറയുന്പോൾ കേരളത്തിലെ പോലീസ് സംവിധാനത്തിലുള്ള വിശ്വാസംകൂടി കോടതി പ്രകടിപ്പിച്ചിട്ടുണ്ട്. എപ്പോഴും രാജി ആവശ്യപ്പെടുകയെന്നാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്നും രാജീവ് പരിഹസിച്ചു.
2022 ജൂലൈയില്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന പരാതികളിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
വിവാദപ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനുള്ള സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയ പോലീസ് അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.