"സർക്കാർ പിന്തുണച്ചില്ല': മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി നടി
Friday, November 22, 2024 10:34 AM IST
തിരുവനന്തപുരം: മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയിൽ അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്മാറ്റം.
തനിക്കെതിരെ എടുത്ത കേസില്‍ സര്‍ക്കാരും പോലീസും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിന്‍വലിക്കുന്നത്. തനിക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി കൂട്ടിച്ചേർത്തു.
നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
2009-ലാണ് മുകേഷിനെതിരായ പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്നായിരുന്നു നടിയുടെ മൊഴി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു ഇടവേള ബാബുവിനെതിരായ പരാതി.