പാലക്കാടൻ കാറ്റ് എങ്ങോട്ട് വീശും; കൂട്ടിക്കിഴിക്കലുമായി മുന്നണികൾ
Thursday, November 21, 2024 10:16 PM IST
പാലക്കാട്: പ്രചാരണത്തിൽ കണ്ട ആവേശം പോളിംഗിൽ ഇല്ലാതെ പോയതിന്റെ നിരാശയിലും പ്രതീക്ഷയോടെ തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുകയാണ് പാലക്കാട്ടെ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒൗദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും പാലക്കാട് പോളിംഗ് ശതമാനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞെന്നാണ് ഇപ്പോൾ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്.
70.51 ശതമാനമാണ് ഇത്തവണ പാലക്കാട് രേഖപ്പെടുത്തിയ പോളിംഗ് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ. ശനിയാഴ്ച ഫലമറിയും. പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. പോളിംഗ് കുറവാണെങ്കിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്നാണ് മൂന്നു പ്രധാന മുന്നണികളുടെയും അവകാശവാദം.
2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. കണക്കുകൂട്ടലുകൾ മൂന്നുമുന്നണികൾക്കും പോളിംഗ് ശതമാനം കുറഞ്ഞതോടെ തെറ്റിയിട്ടുണ്ട്. പാലക്കാട് നഗരസഭയിൽ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
ബിജെപിയുടെ ശക്തികേന്ദ്രാണ് പാലക്കാട് നഗരസഭ. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ നഗരസഭ പരിധിയിൽ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയർന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ക്യാന്പിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഇടതുമുന്നണിയും തികഞ്ഞ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോവുന്നത്. കോണ്ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും പോളിംഗ് കുറഞ്ഞതും ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പിരായിരി പഞ്ചായത്തിൽ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിംഗ്. ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു.
ഇതാണ് യുഡിഎഫ് ക്യാന്പിൽ ചങ്കിടിപ്പുയരാൻ കാരണം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തിൽ 68.42 ശതമാനവും മാത്തൂരിൽ 68.29 ശതമാനവുമാണ് പോളിംഗ്.
തെരഞ്ഞെടുപ്പു ഫലം എങ്ങോട്ടുവേണമെങ്കിലും മാറി മറിയാവുന്ന സ്ഥിതിയാണ് ഇപ്പോൾ പാലക്കാട്. 2021 ൽ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറന്പിൽ മണ്ഡലത്തിൽ ജയിച്ചത്.