മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി; റവന്യൂഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
Thursday, November 21, 2024 9:41 PM IST
ഇടുക്കി: മാത്യു കുഴല്നാടൻ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമി വിവാദത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉടുമ്പൻചോല തഹസില്‍ദാർ എ.വി.ജോസ്, പള്ളിവാസല്‍ വില്ലേജ് ഓഫീസർ സുനില്‍ കെ.പോള്‍ എന്നിവർക്കെതിരെയാണ് നടപടി.
സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. എ.വി.ജോസിനെ ആലപ്പുഴയിലേക്കും സുനില്‍ കെ. പോളിനെ വയനാട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. വിജിലൻസ് ശിപാർശയെ തുടർന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടേതാണു നടപടി.
മാത്യു കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും രജിസ്ട്രേഷന് നടപടികളിലുമുള്ള ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. കേസിലെ അഞ്ച്, 11 പ്രതികളാണ് ഇരുവരും.
മാത്യുവിന്റെ ഉടമസ്ഥതയില്‍ ചിന്നക്കനാലില്‍ നിയമപ്രകാരമുള്ള 1.25 ഏക്കർ ഭൂമിയിലെ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ച് രജിസ്ട്രേഷൻ നടത്തിയെന്നും നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തല്‍. ഇവർക്ക പൊതുജന സമ്പർക്കം കുറഞ്ഞ തസ്തികകളില്‍ നിയമനം നല്‍കാനും നിർദേശമുണ്ട്.