മാവേലിക്കരയിൽ വീടിന് തീയിട്ട ശേഷം കവർച്ച; 51 പവൻ സ്വർണം മോഷ്ടിച്ചു
Thursday, November 21, 2024 9:23 PM IST
മാവേലിക്കര: പകൽ വെളിച്ചത്തിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കയറി തീയിട്ട ശേഷം 51 പവൻ സ്വർണം കവർന്നു. മാവേലിക്കര നഗരസഭ 17ാം വാർഡിലെ ജയപ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഗൃഹനാഥനെ കൂടാതെ ഭാര്യ ഹേമലത, മരുമകൾ ഗായത്രി എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. ഇവരുടെ രണ്ട് ആൺമക്കൾ വിദേശത്താണ്.
കിടപ്പ് മുറിയിലെ അലമാരക്ക് തീയിട്ട ശേഷമാണ് കവർച്ച നടത്തിയത്. സമീപവാസികളാണ് വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഉടമസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നത്. എന്നാൽ തീപിടിച്ച മുറിയുടെ മുകളിലത്തെ നിലയിലുളള മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ല.
മാവേലിക്കര സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.