മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Thursday, November 21, 2024 2:37 PM IST
കൊച്ചി: പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി.
കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു. 2017ൽ പറവൂരിലാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം കോൺഗ്രസ് സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് അപകീർത്തികരവും അപമാനിക്കലും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂർ പോലീസ് കേസെടുത്തത്. കേസെടുത്ത നടപടിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.