ശബരിമല "സുവർണാവസരം' പ്രസംഗം: ശ്രീധരൻപിള്ളയ്ക്ക് ആശ്വാസം; കേസ് റദ്ദാക്കി ഹൈക്കോടതി
Thursday, November 21, 2024 2:23 PM IST
കൊച്ചി: ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ളക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ഉത്തരവ്.
കോഴിക്കോട്ടെ മാധ്യമപ്രവർത്തകൻ ഷെബിൻ നെന്മണ്ടയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തത്. കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ടൗൺ സ്റ്റേഷനിലേക്ക് മാറ്റി. പൊതുപ്രവർത്തകരായ സാജൻ എസ്.ബി. നായർ, ഡിവൈഎഫ്ഐ നേതാവ് എൽ.ജി. ലിജീഷ് എന്നിവരും സമാനമായ പരാതി നല്‍കിയിരുന്നു.
ശബരിമല യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ 2018 നവംബറില്‍ കോഴിക്കോട്ട് നടന്ന യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഏറെ വിവാദമായിരുന്നു.
ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു സുവർണാവസരമാണ്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോൾ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മളുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണെന്ന് താൻ കരുതുകയാണെന്നാണ് ശ്രീധരൻപിള്ള പ്രസംഗിച്ചത്.